കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് വിജ്ഞാപനം ഒക്ടോബര്‍ 30-ന് പി എസ് സി പുറപ്പെടുവിച്ചിരുന്നു.
എല്‍ജിഎസിനുള്ള യോഗ്യത ഏഴാം ക്ലാസ് വിജയം ആണ്.
എല്ലാവരുടേയും പ്രധാനസംശയമാണ് എല്‍ജിഎസിലേക്ക് ബിരുദധാരികള്‍ക്കും ബിരുദാന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കുമോയെന്നത്.
വേരിയസ് എല്‍ജിഎസിനും യൂണിവേഴ്‌സിറ്റി എല്‍ജിഎസിനും അപേക്ഷിക്കാന്‍ സാധിക്കാത്തതിന്റെ പേരിലുള്ള സംശയമാണിത്. അവയില്‍ നിന്നും വ്യത്യസ്തമായി കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് എല്‍ജിഎസിന് ഡിഗ്രിക്കാര്‍ക്കും പിജിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. അപ്പോള്‍ മടിച്ചു നില്‍ക്കാതെ അപേക്ഷിക്കൂ. പഠനം തുടങ്ങൂ.
കഴിഞ്ഞ തവണത്തെ കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് എല്‍ജിഎസില്‍ 8.52 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. അതിനാല്‍ ഇത്തവണ അത്രത്തോളം എണ്ണം അപേക്ഷ പ്രതീക്ഷിക്കുന്നുണ്ട്.
ലക്ഷം ലക്ഷം കണ്ട് പേടിക്കരുത്. ഇതില്‍ ഭൂരിപക്ഷം പേരും പഠിക്കില്ല. കുറേപ്പേര്‍ ഉഴപ്പി പഠിക്കും. കുറേപ്പേര്‍ മികച്ച രീതിയില്‍ തയ്യാറെടുക്കും. അങ്ങനെ തയ്യാറെടുക്കുന്ന മൂവായിരത്തില്‍ അധികം പേര്‍ക്ക് പി എസ് സി നിയമന ശിപാര്‍ശ അയക്കും.
മൂവായിരത്തില്‍ അധികം പേര്‍ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ചെറിയൊരു സംഖ്യയല്ല. പ്രത്യേകിച്ച് പി എസ് സി എല്ലാ പരീക്ഷകളിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്ന സാഹചര്യത്തില്‍.
നിലവിലെ കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് റാങ്ക് ലിസ്റ്റില്‍നിന്നും 2426 പേര്‍ക്ക് നിയമ ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. ഈ ലിസ്റ്റിന്റെ കാലാവധി കഴിയാന്‍ ഇനിയും ഒന്നേകാല്‍ കാല്‍ വര്‍ഷത്തോളം ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 2027 ജനുവരി 11 വരെ.
അന്നേ ദിവസം രാത്രിയില്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുകയും പിറ്റേന്ന് തന്നെ നിങ്ങള്‍ എഴുതുന്ന ഈ കമ്പനി/ കോര്‍പറേഷന്‍/ ബോര്‍ഡ് എല്‍ജിഎസിന്റെ റാങ്ക് ലിസ്റ്റ് നിലവില്‍ വരികയും ചെയ്യും.
അതില്‍ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചാല്‍ 2027-ല്‍ തന്നെ നിങ്ങള്‍ക്കൊരു സ്ഥിര ജോലി ഉറപ്പിക്കാം. റാങ്ക് പിന്നിലോട്ട് പോകുംതോറും ജോലി ലഭിക്കുന്ന ദിവസവും നീളും.
അതുകൊണ്ട് നിങ്ങള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കൂടിയുണ്ട്. റാങ്ക് ലിസ്റ്റ് നിലവില്‍വന്ന ആദ്യ ഒന്ന് രണ്ട് മാസങ്ങളില്‍ ജോലി കിട്ടുന്നവര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നേട്ടം വളരെ വലുതാണ്. അവര്‍ മൂന്ന് വര്‍ഷത്തെ ശമ്പളവും സീനിയോരിറ്റിയും സ്വന്തമാക്കും. അതേ ലിസ്റ്റിന്റെ കാലാവധി തീരുന്ന മാസത്തില്‍ ജോലി കിട്ടുന്നവര്‍ക്ക് അതെല്ലാം നഷ്ടമാകുകയും ചെയ്യും. കൂടെ, കാത്തിരിപ്പിന്റെ വേദനയും സമ്മര്‍ദ്ദവും വേറെ.
അതിനാല്‍ ഇന്ന് തന്നെ പഠിച്ചു തുടങ്ങൂ.
അപേക്ഷകര്‍ക്ക് സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. എന്നാല്‍ ഇതില്‍നിന്നും സ്ത്രീകളേയും ഭിന്നശേഷിക്കാരേയും പി എസ് സി ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 3 ആണ്. അവസാന തിയതി വരെ നീട്ടിക്കൊണ്ടു പോകതെ ഇന്ന് തന്നെ അപേക്ഷിക്കണം. കാരണം, അവസാന നിമിഷം അപേക്ഷിക്കാന്‍ നില്‍ക്കുമ്പോള്‍ അപേക്ഷകര്‍ ഇടിച്ചുകയറുന്നത് കാരണം പി എസ് സിയുടെ സെര്‍വര്‍ സ്ലോ ആകാന്‍ സാധ്യതയുണ്ട്. അത് അവസാന നിമിഷം അപേക്ഷിക്കുന്നവര്‍ക്ക് തലവേദന സൃഷ്ടിക്കും.
ഇന്ന് തന്നെ അപേക്ഷിക്കൂ, പഠനം തുടങ്ങൂ. ആദ്യ റാങ്ക് ഉറപ്പിക്കൂ. എല്ലാവിധ ആശംസകളും.


Leave a Reply